Saturday, April 14, 2012

കോണ്‍ഗ്രസില്‍ തുടര്‍ ചലനങ്ങള്‍

മന്ത്രി ആര്യാടന്‍  രാജി ഭീഷണി മുഴക്കി !!   സത്യപ്രതിജ്ഞാ ചടങ്ങും മന്ത്രിസഭാ യോഗവും ബഹിഷ്കരിച്ച ആര്യാടന്‍,  ആന്റണിയെ വിളിച്ചാണ് രാജിസന്നദ്ധത അറിയിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ തുടരണമെന്ന് ആര്യാടനോട് ആന്റണി ആവശ്യപ്പെട്ടുപോലും. അഞ്ചാംമന്ത്രി പ്രശ്നത്തിലും വകുപ്പുമാറ്റത്തിലും കലാപക്കൊടിയുയര്‍ത്തി കൂടുതല്‍ മന്ത്രിമാരും എംഎല്‍എമാരും യുഡിഎഫ് നേതാക്കളും പരസ്യമായി രംഗത്തുവന്നതോടെ മുഖ്യമന്ത്രിയുടെ സ്ഥിതിയും  പരുങ്ങലിലായി.

ലീഗിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരനും, യുഡിഎഫിന് മുന്നറിയിപ്പുമായി മന്ത്രി ഷിബുബേബി ജോണും വന്നതോടെ രംഗം കൊഴുത്തു.  അഞ്ചാംമന്ത്രിയെ ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി കെ ബാബു പതുക്കെ പറഞ്ഞു.   പക്ഷെ മുസ്ലിംലീഗിന് അഞ്ചാംമന്ത്രിക്ക് അവകാശമില്ലെന്ന് പി ജെ കുര്യന്‍ എംപി തുറന്നടിച്ചു.

ഇതിനിടെ, രാജ്യസഭാ സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലും കടിപിടി  തുടങ്ങി.  മന്ത്രി ഗണേശനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിച്ചതായി പിള്ള ഗ്രൂപ്പ്.   കെപിസിസിയെ അറിയിക്കാതെ മന്ത്രിമാരുടെ വകുപ്പുമാറ്റം നടത്തിയതില്‍ പ്രതിഷേധിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ നീക്കം ശക്തമാക്കി. വകുപ്പുമാറ്റത്തില്‍ തന്നെ ഇരുട്ടില്‍നിര്‍ത്തിയതില്‍ എഐസിസിയെ പ്രതിഷേധം അറിയിച്ച കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയുമായി തീര്‍ത്തും അകല്‍ച്ചയിലാണിപ്പോള്‍.  തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരവകുപ്പ് നല്‍കിയതിലും ചെന്നിത്തല ക്ഷുഭിതനാണ്.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ച രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി ജോസഫും മാണിയും തമ്മിലുണ്ടായ തര്‍ക്കം കൂനിന്മേല്‍ കുരുവായി. ജോയി എബ്രഹാം ആയിരിക്കും സ്ഥാനാര്‍ഥിയെന്നാണ് മാണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആര്‍ക്ക് സീറ്റ് നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തിരിച്ചടിച്ച മന്ത്രി ജോസഫ്,  ഫ്രാന്‍സിസ് ജോര്‍ജിനു വേണ്ടി അവകാശം ഉന്നയിച്ചു.   ജോസഫിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ചീഫ് വിപ്പ് പി സി ജോര്‍ജ്, ജോസഫിന്റെ അവകാശവാദം പുശ്ചിച്ചു തള്ളി.

അഞ്ചാംമന്ത്രിയെ കിട്ടിയതിന്റെ പേരില്‍ ലീഗ് കൂടുതല്‍ അഹങ്കരിക്കരുതെന്നാണ് കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയത്. മന്ത്രിയെ നല്‍കിയതിനെതിരെ തിങ്കളാഴ്ച എഐസിസിക്ക് പരാതി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.  2004ലെയും 2006ലെയും അനുഭവം മറക്കരുതെന്നും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

പിറവം തെരഞ്ഞെടുപ്പു വിജയം വിനയായി മാറിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഷിബു ബേബിജോണ്‍ പറഞ്ഞത്.  പിറവം വിജയത്തോടെ യുഡിഎഫ് നേതാക്കള്‍ അഹങ്കാരികളായി മാറിയെന്നും അദ്ദേഹം സ്വയം വിമര്‍ശനം നടത്തി.    കഷ്ടം !

താന്‍ രാജിക്കൊരുങ്ങിയെന്നത് അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു.  ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയത് ആത്മഹത്യാപരമാണെന്ന നിലപാടില്‍ മാറ്റമില്ല.  ആര് ജാഥ നടത്തിയാലും തനിക്ക് പറയാനുള്ളത് പറയുമെന്നും ആര്യാടന്‍ പ്രഖ്യാപിച്ചു.  മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എറ്റെടുക്കുന്നതായി  ഉമ്മന്‍ചാണ്ടി.   എന്തെല്ലാം ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കണം.  പാവം മുഖ്യന്‍.   എങ്ങനെ കഴിഞ്ഞതാ !!


Thursday, April 5, 2012

പിറവം ആണോ നെയ്യാറ്റിന്‍കര ?

CPM ല്‍ നിന്ന് രാജി വെച്ച സെല്‍വരാജ് ആദ്യം പറഞ്ഞത് UDF ല്‍ ചേരുന്നത് ആത്മഹത്യാപരം എന്നാണ്.   അങ്ങനെ പറയാന്‍ എന്താണ്  കാര്യം ?    ഒരു പഞ്ചായത്തില്‍ പോലും അറിയപെടാതിരുന്ന വ്യക്തി ആയിരുന്നു സെല്‍വരാജ്.   അദ്ദേഹത്തെ അറിയപെടുന്ന നേതാവ് ആക്കിയത് CPM എന്ന പാര്‍ടി ആണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.  ആ പാര്‍ട്ടിയെ പെട്ടെന്ന് തള്ളി പറയാന്‍ അദ്ദേഹത്തിനു ആകുമായിരുന്നില്ല.  അതുകൊണ്ടാണ് ആത്മഹത്യാപരം
എന്ന വാക്ക് ഉപയോഗിക്കേണ്ടിവന്നത്.

പണവും, മരുമകന് ഉദ്യോഗവും, MLA സ്ഥാനവും,  അങ്ങനെ പലതും നേടികൊണ്ടായിരുന്നു വിദ്വാന്റെ രാജിയെന്ന് പിന്നത്തെ പ്രസ്താവനകള്‍ തെളിയിച്ചു.   ഉമ്മന്‍ ചാണ്ടിയും, പി. സി. ജോര്‍ജും വഹിച്ച നെറികെട്ട,   രാഷ്ട്രീയ സദാചാരത്തിനു നിരക്കാത്ത പ്രവര്‍ത്തികള്‍ ഒന്നൊന്നായി പിന്നീട് പുറത്തു വന്നു.   കൊണ്ഗ്രെസ്സ് നേതാക്കന്മാരും NSS ഉം SNDP ഉം ഒക്കെ ഈ  രാഷ്രീയ ആഭിചാരത്തിനെതിരെ രംഗത്തുവന്നു.

കേരള ജനതയാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍.   പ്രത്യേകിച്ച് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍.  പിറവം നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിക്കുമോ ?    പാടില്ല, പാടില്ല എന്ന് കേരളീയ മന:സാക്ഷി
പറയുന്നു.   നമുക്ക് നോക്കാം.



Saturday, March 31, 2012

വേദനിക്കുന്ന കോടീശ്വരന്‍ !



അലി അഞ്ചാം മന്ത്രിയാകാത്തതിനാല്‍ കേരളത്തില്‍ ജനം വളരെ അധികം ബുദ്ധിമുട്ടുന്നു.   അതിനാല്‍ അദ്ധേഹത്തെ ഉടന്‍ മന്ത്രിയാക്കണം.  പക്ഷെ ബുദ്ധിമുട്ട് ജനത്തിനാണോ അല്ലഎന്നതാണ് വാസ്തവം.  ബുദ്ധിമുട്ട് അലിക്ക് തന്നെ.   അലിയുടെ വിഷമം മാറ്റേണ്ട ചുമതല ലീഗിനുണ്ട്‌.   കാരണം അലി കോടീശ്വരന്‍ ആണത്രേ !  ജനങ്ങളെ സേവിക്കാന്‍ അവസരം കിട്ടാതെ,  വേദനിക്കുന്ന കോടീശ്വരന്‍ !

CPMകാര്‍  മന്ത്രി ആക്കിയില്ല.   അതിനാല്‍ മന്ത്രിയാകാന്‍ വേണ്ടി മാത്രം ലീഗില്‍ വന്നതാണ്.  അപ്പോള്‍ ലീഗ് കൈവിടുന്നത് ശരിയാണോ

രാഷ്ട്രീയ പാരമ്പരിയവും സാമൂഹിയ പ്രതിബധ്ധതയും ഒന്നും ഇല്ലെങ്കിലും ആള് സുന്ദരനും സമ്പന്നനും ആണ്.   അതുമതി, അതുമതി.  ലീഗില്‍ അത് ധാരാളം.   പക്ഷെ UDF ന്  അത് മതിയോ ?  അലി മന്ത്രി ആയാല്‍ UDF നാറുമെന്നു ചില ആദര്‍ശവാന്മാര്‍ക്ക് സംശയം.   അവരുടെ ഉടക്ക് മാറ്റാന്‍ HIGH COMMAND ഇടപെടും പോലും.    ഇടപെടണം.   എന്നാലേ ഉമ്മന്‍ചാണ്ടി മന്ത്രിസഭ ചവര്‍ മന്ത്രിസഭ എന്നപേരില്‍ ലോകം മുഴുവന്‍ അറിയപ്പെടൂ !!

Sunday, March 11, 2012

അനൂപ്‌ ജേക്കബ്‌ പിടികിട്ടാപുള്ളി

അനൂപിന്റെ തിരഞ്ഞെടുപ്പ് അസാധു ആകാന്‍ സാധ്യത.


പിറവം സ്ഥാനാര്തി  അനൂപ്‌ ജേക്കബ്‌ പിടികിട്ടാപുള്ളി എന്ന്‍ രേഖകള്‍ പുറത്തു വന്നിരിക്കുന്നു.
ഏറണാകുളം ജുഡീഷ്യല്‍ മജിസ്ട്രട്റ്റ് കോടതിയില്‍ 740/07 നമ്പര്‍ പ്രകാരം,   143, 147, 188, 149
വകുപ്പുകള്‍ പ്രകാരം 2007ല്‍ കേസ് നിലവിലുണ്ട്.    ഈ കേസ് വിവരം തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ മറച്ചുവെച്ചു.  ഇത്,  അനൂപ്‌ ജയിച്ചാല്‍ തിരഞ്ഞെടുപ്പ് അസാധു ആക്കും.
ഹൈക്കോടതി വിധി ലങ്ഘിച്ചു യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗ തടസ്സം ഉണ്ടാക്കി എന്നതാണ് കേസ്.  ഈ വിവരം നേരത്തെ അറിയമായിരുന്നതുകൊണ്ടാണ് അമ്മ ഡെയ്സിയെ  ഡമ്മി സ്ഥാനാര്തി ആക്കിയത്.  
 

Wednesday, February 29, 2012

മധ്യതിരുവിതാംകൂര്‍ മരുഭൂമിയാകും ...


പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി നടപ്പാക്കിയാല്‍ മധ്യതിരുവിതാംകൂറും പ്രത്യേകിച്ച് കുട്ടനാടും മരുഭൂമിയാകും. മുഖ്യജലസ്രോതസ്സായ പമ്പയിലെയും അച്ചന്‍കോവിലാറിലെയും വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് കാര്‍ഷികമേഖലയ്ക്ക് വന്‍ തിരിച്ചടിയാകും. ഇരുനദികളെയും കിഴക്കോട്ട് തിരിച്ചുവിടുന്നത് സംസ്ഥാനത്ത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. അന്തര്‍സംസ്ഥാന നദീസംയോജനപദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി ആസൂത്രണംചെയ്യാനും നടപ്പാക്കാനുമായി ഉന്നതതലസമിതിയെയും നിയമിച്ചു. കേരളത്തിലെ പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ ലിങ്ക് പദ്ധതി നദീസംയോജനപദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. പമ്പയിലും അച്ചന്‍കോവിലിലും അധിക ജലമുണ്ടെന്നും ഇത് ഉപയോഗശൂന്യമായി കടലില്‍ പോവുകയാണെന്നുമാണ് തമിഴ്നാടിന്റെ വാദം. അധികജലത്തിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുന്നതാണ് പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി. ഇതിനായി കേരളത്തിന്റെ സ്ഥലത്ത് പശ്ചിമഘട്ട വനമേഖലയില്‍ മൂന്നു ഡാം പണിയും. കല്ലാര്‍ പുന്നമേട്ടിലും അച്ചന്‍കോവിലാറ്റിലെ ചിറ്റാര്‍മൂഴിയിലും അച്ചന്‍കോവിലിലുമാണ് ഡാമുകള്‍ തീര്‍ക്കുക. ജലസംഭരണികളില്‍നിന്ന് വെള്ളം കൊണ്ടുപോകാന്‍ കിലോമീറ്ററുകള്‍ നീളത്തില്‍ കൂറ്റന്‍ തുരങ്കം നിര്‍മിക്കും. ഇതിനായി വനമേഖലയില്‍ 20 ചതുരശ്ര കിലോമീറ്ററിലേറെ നിര്‍മാണ പ്രവര്‍ത്തനം വേണ്ടിവരും. പശ്ചിമഘട്ട മലനിരവഴി കനാല്‍ തീര്‍ത്ത് വെള്ളം തമിഴ്നാട്ടിലെ മേക്കര അടൈവി നൈനാര്‍കോവില്‍ അണക്കെട്ടിലെത്തിക്കുകയാണ് പദ്ധതി. ഈ ലക്ഷ്യത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ തമിഴ്നാട് ഈ അണക്കെട്ട് പൂര്‍ത്തീകരിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നത് ഇരുനദികളിലെയും നാല്‍പ്പതിലധികം ചെറുതും വലുതുമായ കുടിവെള്ളപദ്ധതികളെ ബാധിക്കും. ഒപ്പം ജലസേചനപദ്ധതികളെയും. ഇപ്പോള്‍ത്തന്നെ നദീതീരങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ.  നദീസംയോജനം മുന്നില്‍ക്കണ്ട് തമിഴ്നാട് 100 കോടി ചെലവില്‍ പുതിയ അണക്കെട്ടുണ്ടാക്കി. കനാല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന കേരളത്തിലെ നദികള്‍ കിഴക്കോട്ട് തിരിച്ചുവിടണമെന്ന തമിഴ്നാടിന്റെ ആവശ്യമാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവിലൂടെ സാധിച്ചിരിക്കുന്നത്........

മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കുറ്റകരമായ അലംഭാവം കാട്ടി. പദ്ധതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയെക്കൊണ്ട് വാദിച്ചപ്പോള്‍ യുഡിഎഫ് പുതിയ അഭിഭാഷകരെയാണ് കേരളത്തിനുവേണ്ടി ചുമതലപ്പെടുത്തിയത്. കേരളത്തിന്റെ വാദം തോറ്റുകൊടുക്കുന്നതിന് കരാറെടുത്തപോലെയാണ് യുഡിഎഫ് സര്‍ക്കാര്‍ പെരുമാറുന്നത്. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ നദികള്‍ യോജിപ്പിക്കുന്നതിനെതിരെ ശക്തമായ വാദമുയര്‍ത്തിയിരുന്നു. മൂന്നു തവണ ചേര്‍ന്ന ഉന്നതതല യോഗത്തിലും മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഈ നീക്കത്തെ ശക്തിയായി എതിര്‍ത്തിരുന്നു. സുപ്രീം കോടതിയില്‍ ഹാജരായപ്പോഴും ഇപ്പോഴത്തെ ജലവിഭവ മന്ത്രി പി ജെ ജോസഫ് കേരളത്തിന്റെ ആവശ്യം ഉന്നയിക്കാന്‍ തയ്യാറായില്ല...

മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി അണക്കെട്ട് താങ്ങുമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്ത് കേരളത്തെ വഞ്ചിച്ചപോലെ ഇക്കാര്യത്തിലും തമിഴ്നാടിന് അനുകൂലമായ സമീപനമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്.

Monday, October 3, 2011

ഉമ്മന്‍ചാണ്ടിയുടെ സത്യപ്രതിജ്ഞാലംഘനം

 ഉമ്മന്‍ചാണ്ടിയുടെ സത്യപ്രതിജ്ഞാ ലംഘനം

ബാലകൃഷ്ണപിള്ളയെ വിട്ടയക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആഗസ്ത് അഞ്ചിന് ഇറക്കിയ പ്രത്യേക ഉത്തരവ് അധികാര ദുര്‍വിനിയോഗമാണ്.  സുപ്രീംകോടതി പിള്ളയ്ക്ക് കഠിന തടവാണ് വിധിച്ചത്.  എന്നാല്‍ , മുഖ്യമന്ത്രിയുടെ ഇടപെടല്‍മൂലം അദ്ദേഹത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല.  പിള്ളയ്ക്ക് വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിന് അനുവദിച്ചു.  ഇതിനുപുറമെ പ്രതിക്ക് കട്ടില്‍ , കൊതുകുവല, എയര്‍ കൂളര്‍ എന്നിവ അനുവദിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. പിള്ള ജയിലില്‍  മൊബൈല്‍ഫോണില്‍നിന്ന് സംസ്ഥാനത്തെ മന്ത്രിമാരെയും ബ്യൂറോക്രാറ്റുകളെയും നിരന്തരം വിളിച്ചിട്ടുണ്ട്.  ജയില്‍ ഉദ്യോഗസ്ഥരുടെ ഫോണുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.  

തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കള്‍ പിള്ളയെ ജയിലില്‍നിന്ന് മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം ഭാര്യയുടെ അസുഖത്തിന്റെ പേരില്‍ അടിയന്തരമായി പരോളില്‍ പുറത്തിറങ്ങി. എന്നാല്‍ , പരോളിലിറങ്ങിയ പിള്ള വീട്ടില്‍ "അസുഖ"മുള്ള ഭാര്യയുടെ സാന്നിധ്യത്തില്‍ സദ്യ കഴിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ശിക്ഷാ കാലാവധിയില്‍ അധികദിവസവും പിള്ളയ്ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത് ആഭ്യന്തര, ജയില്‍ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിന്റെ ഫലമായാണ്.

ചികിത്സയുടെ പേരില്‍ ഇപ്പോള്‍ പുറത്തിറങ്ങിയ പിള്ളയ്ക്ക് സുഖചികിത്സ മാത്രമാണ് നടത്തുന്നത്. പിള്ളയെ പുറത്തിറക്കുന്നതിന് പ്രത്യേക ഉത്തരവ് ഇറക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.  ജയിലില്‍നിന്ന് പുറത്തിറക്കുന്നതിന് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ്, കോടതിയലക്ഷ്യത്തിനും അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള നിയമനടപടിക്കും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടാം.  

പിള്ളയുടെ കാര്യത്തില്‍ ,  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈക്കൊള്ളുന്ന നടപടികള്‍ നീതിപൂര്‍വ്വകമല്ല. ജയിലില്‍ കഴിയുന്നതില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ ലജ്ജാകരമാണ്.

പിള്ള ശിക്ഷിയ്ക്കപ്പെട്ടപ്പോള്‍ , രോഷം മൂത്ത് സുപ്രീംകോടതി വിധിയ്ക്കെതിരെ അട്ടഹസിച്ച എം.പിമാരും ജനപ്രതിനിധികളുമുണ്ടായിരുന്നു. അവരുടെ അവഹേളനത്തിന്റെ തുടര്‍ച്ചയാണ്  ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചത്. 

ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ കാട്ടുന്ന അമിതമായ താല്പര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല.  നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്നതാണ് ജനാധിപത്യത്തിന്റെ   അടിസ്ഥാന പ്രമാണം.   മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ അടിസ്ഥാന തത്വം പാലിക്കാന്‍  ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല.  

ഭീതിയും പ്രീതിയും പിള്ളയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയെ ബാധിച്ചു.  അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി പിള്ളയ്ക്ക് അദ്ദേഹം പരോള്‍ അനുവദിച്ചു.  ഏറ്റവുമൊടുവില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു.  നഗ്നമായ രാഷ്ട്രീയ പക്ഷപാതമാണ് ഇത്.  സുപ്രീംകോടതിയുടെ വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുന്നതില്‍ നിന്നും തടവുപുള്ളിയെ രക്ഷപ്പെടുത്തുന്നതിന് എല്ലാ ഔദ്യോഗിക സഹായങ്ങളും മുഖ്യമന്ത്രി ചെയ്തു കൊടുത്തു.  പരോളില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍പോയി ആതിഥ്യം സ്വീകരിക്കാനും അദ്ദേഹവുമായി സ്വകാര്യസംഭാഷണം നടത്താനും കേരളത്തിന്റെ സംസ്ഥാനമുഖ്യമന്ത്രി തയ്യാറായത് വിധിയോടുള്ള അവഹേളനമാണ്.  സുപ്രിംകോടതിയെ അപമാനിക്കല്‍ ആണ്.

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കാണ്.  നിയമപരവും ധാര്‍മ്മികവുമാണ് ഈ ബാധ്യത.  അത് നിറവേറ്റാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനുമാണ്. എന്നാല്‍ , പിള്ളയുടെ കാര്യത്തില്‍ , സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ അമാന്തം വരുത്താനും വിധിയുടെ അന്തഃസത്ത ചോര്‍ത്തി ശിക്ഷനടപ്പാക്കല്‍ വെറും പ്രഹസനമാക്കാനും ഉമ്മന്‍ചാണ്ടി ശ്രമിച്ചു.  ഇന്ത്യന്‍ ഭരണഘടനയേയും മുഖ്യമന്ത്രിയായപ്പോള്‍ ഈശ്വരനാമത്തില്‍ ചെയ്ത സത്യപ്രതിജ്ഞയേയും പരസ്യമായി അദ്ദേഹം ലംഘിച്ചിരിക്കുന്നു.



 

Friday, September 30, 2011

അഴിമതിയെ കുറിച്ച് ഗാന്ധിജി

ഗാന്ധിജിയുടെ താക്കീത്

1957ല്‍  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്ത് ഹരിദാസ്‌ മുന്ദ്രക്ക് ജയിലില്‍ പോകേണ്ടി വന്നതും ധനമന്ത്രി ടി.ടി.കൃഷ്ണമാചാരി രാജി വെയ്ക്കെണ്ടിവന്നതും എല്‍.ഐ.സി. ഓഹരി  അഴിമതി നടത്തിയതിന് ആണ്.  പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന പ്രതാപ്‌ സിംഗ് കൈരോണ്‍ സുപ്രീംകോടതി പരാമര്‍ശങ്ങള്‍ക്ക് വിധേയന്‍ ആയപ്പോള്‍, നെഹ്‌റു  കൈറോണിനെ സഹായിക്കുന്ന നിലപാട് ആണ് എടുത്തത്‌.

1971ല്‍  ഇന്ദിരാഗാന്ധിയുടെ ശബ്ദത്തില്‍ 60 ലക്ഷം രൂപ സ്റ്റേറ്റ് ബാങ്കില്‍ നിന്നും ആവശ്യപ്പെട്ടുവെന്ന നഗര്‍വാല കേസ് തെളിയിക്കപെടാതെ അവശേഷിക്കുന്നു. പണം വാങ്ങിയത് ഒരു ഇന്റെലിജെന്‍സ് ഉദ്യോഗസ്ഥന്‍ ആയിരുന്നു.  അദ്ദേഹം ജയിലില്‍ മരണപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി. കെ. കശ്യപ് കൊല്ലപ്പെട്ടു.  ഇതിന്റെ പിന്നില്‍ ഇന്ദിരാഗാന്ധി തന്നെ ആയിരുന്നു എന്ന് ശക്തമായ ആരോപണം ഉയര്‍ന്നു.  എന്നാല്‍ ഇന്ദിരാഗാന്ധിയുടെ അധികാരശക്തിക്ക് മുന്‍പില്‍ എല്ലാം തീര്‍ന്നു.

നരസിംഹറാവുവിന്റെ കാലത്തെ ഭക്ഷ്യമന്ത്രിയായിരുന്ന കലപനാഥ റായിക്ക്  രാജിവേയ്ക്കെണ്ടിവന്നത് 5000 കോടി നഷ്ടപെടുത്തിയ പഞ്ചസാര കുംഭകോണം വഴി ആയിരുന്നു. 
 യുറിയ കുംഭകോണം നടത്തിയത് നരസിംഹറാവുവിന്റെ ബന്ധു സജീവറാവു, മുന്‍ കേന്ദ്രമന്ത്രി രാം ലഖന്‍ യാദവിന്റെ മകന്‍ പ്രകാശ് യാദവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം ആയിരുന്നു.
ഫെയര്ഫാക്സ്, പൈപ്പ് ലൈന്‍, സബ്മാര്യ്ന്‍, ബോഫോര്സ് , ഹവാല, യു.ടി.ഐ. കുംഭകോണം തുടങ്ങിയവയും കോണ്‍ഗ്രസ്‌ ഭരണ കാലങ്ങളില്‍ നടന്ന കുപ്രസിദ്ധങ്ങള്‍ ആയ അഴിമതി കേസ്സ്‌കള്‍ ആണ്.   എയര്‍ഇന്ത്യ വിമാനങ്ങള്‍ വാങ്ങിയതില്‍ 700 കോടിയുടെ നഷ്ടം വരുത്തിയത് മറ്റൊരു സമീപകാല അഴിമതി ആണ്.

നവലിബറല്‍ കാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഓഹരി, പൊതുമേഖല വില്പനകള്‍ അഴിമതിയുടെ പര്‍വതരൂപങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുന്നു.

കോണ്‍ഗ്രസ്‌കാര്‍ ഭാവിയില്‍ ഇതൊക്കെ ചെയ്യുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് 1939 ല്‍  ഗാന്ധിജി പറഞ്ഞത്  ''ഇന്ന് വ്യാപകമായിരിക്കുന്ന അഴിമതി അവസാനിപ്പിക്കാന്‍ ആയില്ലങ്കില്‍ കൊണ്ഗ്രെസ്സിനു മാന്യമായൊരു ശവസംസ്കാര ചടങ്ങ് നടത്തുന്നിടംവരെ എനിക്ക് പോകേണ്ടി വരും '' എന്ന്.